ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഇപ്പോൾ താൻ റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകളുടെയും രാജ്യസഭാ തിരഞ്ഞെടുപ്പുകളുടെയും തിരക്കിലാണെന്നും ഇ.ഡിയുടെ ഏതു ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും കെജ്രിവാൾ പറഞ്ഞു.
ചോദ്യം ചെയ്യലിനുള്ള ഇ.ഡിയുടെ നോട്ടീസ് വ്യക്തമായ താൽപര്യങ്ങൾ മുൻ നിർത്തിയുള്ളതാണെന്നും താൻ ഏതുനിലക്കാണ് ഹാജരാകേണ്ടത് എന്നത് വ്യക്തമായി പറയുന്നില്ലെന്നും ബുധനാഴ്ച എഎപി പുറത്തിറക്കിയ കത്തിൽ സൂചിപ്പിച്ചു.
ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഡൽഹി മുഖ്യമന്ത്രി നിലയിലാണോ അതുമല്ലെങ്കിൽ എഎപി ദേശീയ കൺവീനർ എന്ന നിലയിലാണോ തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ഇ.ഡി സമൻസിൽ പറയുന്നില്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഈ ചോദ്യം ചെയ്യലിന് ഉള്ളൂവെന്ന് എഎപി ആരോപിച്ചു.
അതേസമയം, കെജ്‍രിവാൾ പേടിച്ച് വിറച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരാകാതിരിക്കുന്നതെന്നും മദ്യനയ അഴിമതിയുടെ മുഖ്യ ആസൂത്രകൻ താനാണെന്ന് കെജ്രിവാളിന് നന്നായി അറിയാമെന്നും ബിജെപി ആരോപിച്ചു.