
കൊച്ചി: സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.
ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡിനിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
ഏതുവസ്ത്രം ധരിക്കുന്നു എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത് -കോടതി പറഞ്ഞു.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബകോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.
Judging a woman based on the clothes is not in keeping with a civilized society