കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം.
ഇനി അതല്ല, ജാമ്യം അനുവദിക്കുകയാണെങ്കില്‍ അറസ്റ്റ് ഒഴിവാകും. ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ ദിവ്യ ഒളിവില്‍ തുടരാനാണു സാധ്യത. വിധി കാത്തിരിക്കാന്‍ നിര്‍ദേശമുള്ളതിനാലാണ് ഇത്ര ദിവസമായിട്ടും പൊലീസും അറസ്റ്റിലേക്ക് നീങ്ങാത്തത്. ഇതില്‍ പൊലീസിനെതിരെ വലിയ ആക്ഷേപം ഉയരുന്നുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ടാലും അറസ്റ്റ് ചെയ്യാതെ, ദിവ്യയ്ക്കു മജിസ്‌ട്രേട്ടിനു മുന്നില്‍ കീഴടങ്ങാന്‍ പൊലീസ് അവസരമൊരുക്കാനാണു സാധ്യതയെന്നും ആക്ഷേപമുണ്ട്.