‘ചൂടായി’ ജൂലൈ 21; 84 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

ന്യൂഡല്‍ഹി: എണ്‍പത്തിനാല് വര്‍ഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ദിനമായി കടന്നുപോയത് ജൂലൈ 21. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സംവിധാന (സി3എസ്) ത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ജൂലൈ 21 നെ ഏറ്റവും ചൂടേറിയ ദിനമായി റെക്കോര്‍ഡ് ചെയ്തത്.

ജൂലൈ 21 ഞായറാഴ്ച, ആഗോള ശരാശരി ഉപരിതല വായുവിന്റെ താപനില 17.09 ഡിഗ്രി സെല്‍ഷ്യസില്‍ (62.76 ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്ക, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള ഓരോ മാസവും ഏറ്റവും ചൂടേറിയതായിരുന്നു. 2023 ജൂലൈ 6 ന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡിനെയാണ് ഇത് മറികടന്നത്. 2023 ജൂലൈ 3 മുതല്‍, 57 ദിവസങ്ങളില്‍ താപനില മുമ്പത്തെ റെക്കോര്‍ഡിനെ ഭേദിച്ചിരുന്നു.

2023 ജൂലൈയ്ക്ക് മുമ്പ്, 2016 ഓഗസ്റ്റിലാണ് ഭൂമിയുടെ പ്രതിദിന ശരാശരി താപനില റെക്കോര്‍ഡ് 16.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്. കഴിഞ്ഞ 13 മാസത്തെ താപനിലയും മുന്‍കാല റെക്കോര്‍ഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട സി3എസ് ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. മാത്രമല്ല, കാലാവസ്ഥ ഇനിയും പുതിയ ഉയര്‍ന്ന താപനില റെക്കോര്‍ഡുകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള ശരാശരി താപനില സാധാരണയായി ജൂണ്‍ അവസാനത്തിനും ഓഗസ്റ്റിന്റെ തുടക്കത്തിലുമാണ് ഉയരാറുള്ളത്.

More Stories from this section

family-dental
witywide