
ചെന്നൈ: ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവത്തിൽ വീഴ്ചപറ്റിയെന്നും അതു പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ്. തെറ്റ് തിരിച്ചറിയുകയും അതു തിരുത്താൻ തയാറാകുകയും ചെയ്യുമ്പോഴാണ് യഥാർഥ മാറ്റം ഉണ്ടാകുകയെന്നും മദ്രാസ് ബാർ അസോസിയേഷൻ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഒരു സിവിൽ കേസിലെ സ്വന്തം വിധിന്യായത്തെയാണ് അദ്ദേഹം വിമർശിച്ചത്. നിങ്ങൾ ഒരു തെറ്റ് ചെയ്തുവെന്ന് തിരിച്ചറിയുകയും അത് തിരുത്താൻ തയാറാകുകയും ചെയ്യുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ബാർ അസോസിയേഷൻ (എം.ബി.എ) അക്കാദമിയും രാകേഷ് ലോ ഫൗണ്ടേഷനും, മുതിർന്ന അഭിഭാഷകൻ എൻ.ആർ. ഇളങ്കോ റോഡപകടത്തിൽ മരിച്ച മകന്‍റെ സ്മരണയ്ക്കായും സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലാണ് ആനന്ദ് വെങ്കിടേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
“2018 ജൂലൈയിൽ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു വാദിച്ച പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ എന്റെ വിലയിരുത്തലുകൾ ശരിയായിരുന്നില്ല. പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശമായിരുന്നു കാരണം. വിധിയിൽ ഞാൻ മുന്നോട്ടു വച്ച നിഗമനങ്ങളും തത്വങ്ങളും പുനഃപരിശോധിക്കണം. മുതിർന്ന അഭിഭാഷകൻ ആർ.പാർഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പിഴവു ബോധ്യമായത്.”