അനീതിയുടെ ഇരയായ അനിതയ്ക്ക് ഒടുവില്‍ നീതി; സ്ഥലംമാറ്റമില്ല, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലി ചെയ്യാം

കോഴിക്കോട്: പുനര്‍നിയമനം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഓഫീസര്‍ പി.ബി അനിതയുടെ ഉപവാസം ഫലം കണ്ടു. ഒടുവില്‍ അനിതയ്ക്ക് നീതി കിട്ടി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും. അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്.

മാത്രമല്ല, ഈ വിഷയത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പ്രതിപക്ഷ നേതാവടക്കം ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചും പ്രതിഷേധിച്ചിരുന്നു.

കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതുകൊണ്ടായിരുന്നു അനിതയ്‌ക്കെതിരെ നടപടിയുണ്ടായത്. ഇടുക്കിയിലേക്കാണ് അനിതയെ സ്ഥലംമാറ്റിയത്. എന്നാല്‍ ഇതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച അനിതയ്ക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. കേസിന്റെ വിവരങ്ങള്‍ അനിതയുടെ സര്‍വ്വീസ് ബുക്കിലുള്‍പ്പെടെ ഉണ്ടാകരുതെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയുടെ പുനര്‍നിയമന ഉത്തരവ്. ഈ ഉത്തരവു കാട്ടിയിട്ടുപോലും അനിതയെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അനുവദിച്ചില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

More Stories from this section

family-dental
witywide