‘സ്റ്റേ’ തീർന്നു, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുമോ?ഇന്നറിയാം, ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിന് ഏർപ്പെടുത്തിയ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുമ്പോൾ റിപ്പോർട്ട് പുറത്തു വരുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. ഇക്കാര്യത്തിൽ ഇന്ന് ഹൈക്കോടതി വിധി പറഞ്ഞേക്കും. സ്റ്റേ കാലാവധി തീരുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി എം മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കുക.

സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ കഴിഞ്ഞ തവണ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നത്. ഹർജിക്കാരൻ കമ്മിറ്റി നടപടികളുടെ ഭാഗമായിരുന്നില്ലെന്നും, മറ്റാർക്കോ വേണ്ടി സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഹർജിയെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം.റിപ്പോർട്ട് പുറത്തുവിട്ടാൽ തന്റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് പുറത്ത് വിടാനുള്ള തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരൻ വാദമുന്നയിച്ചിരുന്നു . കൂടാതെ ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide