ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവംബര്‍ 8 ആയിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസായുള്ള അവസാന പ്രവര്‍ത്തി ദിനം. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശുപാര്‍ശയില്‍ ഒക്ടോബര്‍ 24നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

ഇവിഎമ്മുകളുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കല്‍, ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കല്‍ തുടങ്ങി നിരവധി സുപ്രധാന സുപ്രിം കോടതി വിധികളുടെ ഭാഗമായിട്ടുണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയുടെ മകനാണ്. 1960 മെയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ക്യാമ്പസ് ലോ സെന്ററില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.1983ല്‍ ഡല്‍ഹി ബാര്‍ കൌണ്‍സിലില്‍ നിന്നും എന്‍ട്രോള്‍ ചെയ്ത ഖന്ന തുടക്കത്തില്‍ ജില്ലാ കോടതികളിലും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. 2019 ജനുവരി 18നാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.

More Stories from this section

family-dental
witywide