ദില്ലി: സുപ്രീംകോടതിയിൽ ജഡ്‌ജിമാരുടെ ലൈബ്രറിയിൽ പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പുതിയ രുപം വലിയ ചർച്ചയാകുന്നു. കൈയിൽ വാളിനുപകരം ഇന്ത്യൻ ഭരണഘടനയും തുറന്ന കണ്ണുകളുമുള്ള ‘നീതിദേവത’യെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കണ്ണുകെട്ടി കൈയിൽ വാളേന്തിയ നീതിദേവത പ്രതിമയ്ക്ക് പകരമാണ് കണ്ണുതുറന്ന പ്രതിമ സ്ഥാപിച്ചത്. ബ്രീട്ടീഷ് ഭരണക്കാലത്തെ രൂപങ്ങളിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രതിമയിലൂടെ സൂചിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിനുപിന്നിലെന്നാണ് റിപ്പോർട്ട്.
മാറ്റങ്ങൾ വരുത്തിയ വെങ്കല പ്രതിമ സുപ്രീം കോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാണാതെ എങ്ങനെയാണ് നീതി നൽകാനാവുകയെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പുതിയ പ്രതിമയെ പ്രകീർത്തിച്ചു. സംഘപരിവാറിന്റെ പ്രചാരവേലയാണിതെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു.