
ചെന്നൈ: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി മാറ്റുകയായിരുന്നു. ഡി എം കെ സർക്കാരിന്‍റെ ഭരണം അവസാനിപ്പിച്ച ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്നും ബി ജെ പി തമിഴ്നാട് അധ്യക്ഷൻ ശപഥം ചെയ്തു.
അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ പ്രക്ഷോഭവും പ്രഖ്യാപിച്ചു.നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാലിൻ സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം ബി ജെ പി വരും ദിവസങ്ങളിൽ നടത്തുമെന്നും ഈ ഭരണം നാടിന് ശാപമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.