തിരുവനന്തപുരം: മറ്റ് സംസ്ഥാനത്തേക്കാള്‍ കേരളത്തില്‍ വാഹന രജിസ്‌ട്രേഷന്‍ ടാക്‌സ് കൂടുതലാണെന്ന പരാമര്‍ശത്തിന് പിന്നാലെ, ഈ കണക്ക് പറഞ്ഞു എന്ന് കരുതി തന്നെ കൊല്ലാന്‍ ആരും നടക്കേണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മനപ്പൂര്‍വം തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും താന്‍ നല്ല ഈശ്വര വിശ്വാസിയാണ് അതുകൊണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന് തെളിയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിപിഐഎം നേതാക്കള്‍ക്ക് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു ഗതാഗതമന്ത്രി.
കഴിഞ്ഞ ദിവസം കെ ബി ഗണേഷ് കുമാറിനെതിരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു വി കെ പ്രശാന്ത് രംഗത്തെത്തിയത്. ഇടത് സര്‍ക്കാരിന്റെ നയമാണ് ഇലക്ട്രിക് ബസ്സുകളെന്നും അത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു വി കെ പ്രശാന്തിന്റെ വാക്കുകള്‍.
‘എന്നെ ഉപദ്രവിക്കണമെന്നുണ്ടെങ്കില്‍ വിരോധമില്ല, ഉപദ്രവിച്ചോളുക. ചില ആളുകള്‍ക്ക് എന്നെ ഉപദ്രവിക്കാന്‍ ഉദ്ദേശമുണ്ട്. എന്തിനാണെന്ന് അറിയില്ല. ഒരു ദ്രോഹവും ചെയ്തില്ല. വല്ലപ്പോഴും സത്യം പറയും. സത്യമേ പറയാറുള്ളൂ. അത് തെളിയിക്കേണ്ട ആവശ്യമില്ല. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്. ദൈവത്തിന് മുന്നില്‍ തെളിയും’ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.