പണവും ആള്‍ബലവും അധികാരവും കയ്യിലുള്ള സിപിഎം ഹുങ്കിനോട് ഇച്ഛാശക്തി മാത്രം കൈമുതലാക്കി നേടിയ നിയമവിജയമാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധിയെന്ന് കെ കെ രമ. ഫേസ്ബുക്ക് പോസ്റ്റിലൂടെ രമയുടെ പ്രതികരണം ഇതാ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യക്തിജീവിതത്തിലെയും രാഷ്ട്രീയജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നീതിയെന്നത് വെറും വാക്കല്ലെന്ന് ബോധ്യമാവുന്നു.
ടി പി വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ശിക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി ശരിവച്ചിരിക്കുന്നു. മാത്രമല്ല, പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ കുറ്റം ചെയ്തതായും അവര്‍ രണ്ടുപേരും ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരിക്കുന്നു. ഇരുപത്തി ആറിന് മുഴുവന്‍ പ്രതികളും ഹൈക്കോടതി മുന്‍പാകെ ഹാജരാകണം. ശിക്ഷ സംബന്ധിച്ച വിധി അന്നുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
‘തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല’ എന്ന പെരുംനുണ ആവര്‍ത്തിക്കുമ്പോഴും കോടിക്കണക്കിന് രൂപ ചെലവഴിച്ച് വന്‍ അഭിഭാഷക നിരയെയാണ് തുടക്കം മുതല്‍ പ്രതികള്‍ക്ക് വേണ്ടി സിപിഎം അണിനിരത്തിയത്. വിചാരണ ഘട്ടത്തില്‍ തന്നെ ഇത്രയധികം സാക്ഷികള്‍ കൂറുമാറിയ നിയമ പോരാട്ടങ്ങള്‍ കുറവായിരിക്കും. ആദ്യം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ തന്നെ കേസ് ഹൈക്കോടതിയില്‍ വിചാരണയ്‌ക്കെടുക്കുന്ന വേളയില്‍ പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പം കൂറുമാറിയ കേസും അപൂര്‍വമായിരിക്കും.
കോടിക്കണക്കിന് രൂപയും ആള്‍ബലവും അധികാരവും കയ്യിലുള്ള, ആരെയും പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വിലക്കെടുക്കാമെന്ന ഹുങ്കിനോടാണ് ഇച്ഛാശക്തി മാത്രം കൈമുതലാക്കി ഞങ്ങള്‍, ആര്‍.എം.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒഞ്ചിയത്തെ ജനതയും പൊരുതാനിറങ്ങിയത്. ഈ വഴികളില്‍ ആത്മവിശ്വാസവും കരുത്തും പകര്‍ന്നു തന്ന നിരവധി പേരുണ്ട്. കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക – സാമൂഹ്യ പ്രവര്‍ത്തകര്‍, ഐക്യ ജനാധിപത്യ മുന്നണി നേതൃത്വം തുടങ്ങി ഈ പോരാട്ട വഴികളില്‍ ഊര്‍ജ്ജം പകര്‍ന്ന സകലര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും തിരിച്ചറിയുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന അമ്മമാരും സഹോദരിമാരും, കൊലപാതക രാഷ്ട്രീയത്തിനെതിരെ കക്ഷിഭേദമില്ലാതെ വികാരം സൂക്ഷിക്കുന്ന മനുഷ്യര്‍. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെ വിജയമാണ് ഈ വിധി. ഈ നിയമപോരാട്ടം ഇവിടം കൊണ്ട് അവസാനിക്കില്ല. ഗൂഢാലോചന സംബന്ധിച്ചു സി.പി.എം ഉന്നതനേതൃതങ്ങളുടെ പങ്കു തെളിവാക്കും വിധം ഇനിയും അന്വേഷണം നടക്കേണ്ടതുണ്ട്. ഇതിനായി ഉയര്‍ന്ന കോടതികളിലേക്ക് ഇനിയും നിയമപോരാട്ടം തുടരും.
തന്റെ പരിജ്ഞാനവും ആത്മാര്‍ത്ഥതയും രാഷ്ട്രീയ സ്ഥൈര്യവും കൊണ്ട് ഈ നിയമ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച അഭിവന്ദ്യ അഭിഭാഷകന്‍ സഖാവ് പി.കുമാരന്‍കുട്ടി, അഡ്വ.സഫല്‍, അഡ്വ.രാജീവന്‍ തുടങ്ങി കഴിഞ്ഞ അഞ്ചുമാസത്തോളമായി അര്‍പ്പണബോധത്തോടെ പ്രയത്‌നിച്ച അഭിഭാഷക സംഘത്തെ മുഴുവന്‍ നെഞ്ചോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.
വിയോജിപ്പുകള്‍ വെട്ടിയരിഞ്ഞ് വിജയപതാക പറപ്പിക്കാമെന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെട്ട സര്‍വ്വ മനുഷ്യര്‍ക്കും അവരുടെ വീടകങ്ങളിലെ നിലയ്ക്കാത്ത നിലവിളികള്‍ക്കും ഞങ്ങള്‍ ഈ വിധിയുടെ വിജയം സമര്‍പ്പിക്കുന്നു.
K.K. Rema’s Facebook post on High Court verdict of TP Murder case