പദ്മജ വേണുഗോപാലിന്റെ രാഷ്ട്രീയ കൂടുമാറ്റമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയം. കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകൾ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടിയതിന്റെ ക്ഷീണം മറയ്ക്കാൻ കോൺഗ്രസ് പാടുപെടുന്നതിനിടെയാണ് ബിജെപിയുടെ പുതിയ ഫ്ലെക്സിൽ കെ. കരുണാകരൻ സ്ഥാനം പിടിച്ചിരിക്കുന്നത്.
‘ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന് ബിജെപിയിലേക്ക് സ്വാഗതം’ എന്നെഴുതി ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി സ്ഥാപിച്ച ഫ്ലെക്സിലാണ് പദ്മജയ്ക്കും മോദിക്കുമൊപ്പം കരുണാകരനും ഇടംപിടിച്ചിരിക്കുന്നത്.
അതേസമയം, ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി. ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡ് നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞതായി വിവരമുണ്ട്. എന്നാൽ, മണിക്കൂറുകൾക്ക് ശേഷവും ബോർഡ് മാറ്റിയിട്ടില്ല.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്നായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്. പദ്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാൻ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍, കെ കരുണാകരൻ എന്ത് പാതകം ആണ് പദ്മജയോട് ചെയ്തതെന്നും ചോദിച്ചു.
ഞാൻ കരുണാകരന്റെ മകളല്ലെന്നാണു രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ പറഞ്ഞതെന്നും, അത് മോശം പരാമർശമാണെന്നും പദ്മജ കൂട്ടിച്ചേർത്തു. മോശം പരാമർശത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്നും പദ്മജ വേണുഗോപാൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.