
കോഴിക്കോട്: തിരുവമ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുനസ്ഥാപിക്കുന്നതിൽ വ്യത്യസ്ഥ അഭിപ്രായവുമായി മന്ത്രിയും കെ എസ് ഇ ബിയും. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എം ഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. എന്നാൽ വൈദ്യതി ബന്ധം പുനസ്ഥാപിക്കുന്നതിൽ കടുത്ത നിലപാടിലാണ് കെഎസ്ഇബി മാനേജ്മെന്‍റ്. ഓഫിസിൽ നടത്തിയ ആക്രമണത്തിൽ നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലം വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെഎസ്ഇബി.
വീട്ടുകാർ കോടതിയെ സമീപിച്ചാലും നിയമപരമായി മുന്നോട്ട് പോകും. ആക്രമണത്തില്‍ 3 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. ഇതിൽ പരാതി ഉണ്ടെങ്കിൽ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാലും മതിയെന്നും കെഎസ്ഇബി മാനേജ്മെന്‍റ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ ശക്തമായ സമരം നടത്തുമെന്നാണ് കോണ്‍ഗ്രസ്സും യൂത്തുകോണ്‍ഗ്രസ്സും അറിയിച്ചിട്ടുള്ളത്. ആശുപത്രി വിട്ടാല്‍ നേരെ കെ എസ് ഇ ബി ഓഫീസില്‍ എത്തി സമരം തുടരുമെന്ന് വീട്ടുടമസ്ഥന്‍ റസാഖും ഭാര്യ മറിയവും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.