പുരോഹിതനെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം, ‘ഉളുപ്പ്’ എന്ന വാക്കിന് അപമാനമായതിനാൽ രാജി ആവശ്യപ്പെടുന്നില്ല: സുധാകരൻ

തിരുവനന്തപുരം: ഗീവർഗീസ് മാർ കൂറിലോസിനെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായിയോട് പറയുന്നത് ‘ഉളുപ്പ്’ എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമായതിനാൽ ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്തഗതിക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായി വിജയനോട് പറയുന്നത് ‘ഉളുപ്പ്’ എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മാത്രം ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ല. പക്ഷെ, പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്തഗതിക്കാർ ആലോചിക്കേണ്ടതുണ്ട്. മരണം വരെ ലാവ്‌ലിൻ കേസ് മാറ്റിവയ്പ്പിക്കാനും, മകളുടെ മാസപ്പടി കച്ചവടം നിലനിർത്താനുമാണ് വിജയൻ തൃശ്ശൂർ സംഘപരിവാരത്തിന് വിറ്റത്. നിയമസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് കിട്ടിയ വോട്ടുകളാകെയും ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന കാഴ്ച കേരളം ആശ്ചര്യത്തോടെ കണ്ടതാണ്.ഇപ്പോഴിതാ ഗീവർഗീസ് മാർ കൂറിലോസിനെ സ്വതസിദ്ധമായ ഭാഷയിൽ അധിക്ഷേപിച്ചു വീണ്ടും വർഗീയ വൽക്കരണത്തിന് ശ്രമിക്കുന്നു. ക്രിസ്തു മതവിശ്വാസികളെ സങ്കടപ്പെടുത്തിക്കൊണ്ട് ഇതിനുമുമ്പും മറ്റൊരു അഭിവന്ദ്യപുരോഹിതനെ നികൃഷ്ടജീവി എന്ന് പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. ആ മാനസികാവസ്ഥയിൽ നിന്നും വിജയൻ ഒട്ടും വളർന്നിട്ടില്ല എന്ന് തന്നെയാണ് വീണ്ടും പുരോഹിതരെ അപമാനിക്കുമ്പോൾ മനസ്സിലാകുന്നത്.മതവിശ്വാസികളെ ഒന്നടങ്കം വൈകാരികമായി ചിന്തിപ്പിച്ച് സംഘപരിവാർ പാളയത്തിൽ എത്തിക്കാനുള്ള പിണറായി വിജയൻറെ ശ്രമങ്ങളെ ഗൗരവകരമായി കാണേണ്ടതുണ്ട്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതും ക്രിസ്തു മത പുരോഹിതർക്കെതിരെ നടക്കുന്ന തുടർച്ചയായ അധിക്ഷേപങ്ങളും ഗൂഢലക്ഷ്യങ്ങൾ വെച്ചുതന്നെയാണ്. കേരളത്തിൽ സംഘപരിവാറിന് ഇടം കൊടുക്കരുത് എന്ന സത്യസന്ധമായ ആഗ്രഹം സിപിഎമ്മിന് ഉണ്ടെങ്കിൽ പിണറായി വിജയനെ തിരുത്താൻ തയ്യാറാകണം അഭിവന്ദ്യ പിതാവിനോടും ക്രിസ്ത്യൻ സമൂഹത്തിനോടും നിരുപാധികം മാപ്പ് പറയാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെ പി സി സി ശക്തമായി ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide