തൃശൂർ: തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ആവശ്യംപ്പെട്ടു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു. പൂരം കലക്കിയതില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണമാണ് വിവരാവകാശ നിയമ പ്രകാരം ഇല്ലെന്നു വ്യക്തമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചൂണ്ടിക്കാട്ടി. അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്നും പൂരം കലക്കിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നും സതീശൻ പറഞ്ഞു. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്കും സി.പി.എമ്മിനും രഹസ്യങ്ങള്‍ പുറത്തു വരുമെന്ന ഭയമാണെന്നും കൂട്ടിച്ചേർത്തു.
സുധാകരന്റെ വാക്കുകൾ
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല. പൂരംകലക്കിയത് സംബന്ധിച്ച് പോലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകാതിരുന്നത് അന്വേഷണം നടക്കാത്തത് കൊണ്ടാണ്. ബിജെപിയെ തൃശ്ശൂര്‍ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൂശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടപ്പാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഘടക കക്ഷികളെയും സ്വന്തം അണികളെയും പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ?തൃശ്ശൂര്‍പൂരം കലക്കിയതിന്റെ ഗൂഢശക്തിയാരാണെന്ന് കേരള ജനതയ്ക്ക് അറിയണം. ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളു. എന്നാലത് ഇപ്പോള്‍ പിണറായി ഭരണത്തില്‍ കാണുകയാണ്. സംഘപരിവാര്‍ മനസ്സുള്ള മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സിപിഎമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സിപിഎമ്മിനെ നയിക്കുന്നത്. അതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീര്‍ണ്ണതയെന്നും കെ.സുധാകരന്‍ പറഞ്ഞു.
സതീശന്റെ വാക്കുകൾ
എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒരു മണിക്കൂരാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആര്‍.എസ്.എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഒരു അന്വേഷണവുമില്ല. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം കലക്കിയത്. തൃശൂരിലെ കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയത്. പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് വിലയാണുള്ളത്? ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയം. 15 ദിവസമായി ഒരു സി.പി.എം എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ചെറുവിരല്‍ അനക്കാനായില്ല. അയാളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഇരട്ടച്ചങ്കനാണെന്നാണ് ആദ്യ പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോള്‍ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണോ? ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഷ്ട്രീയ മറുപടി പോലും മുഖ്യമന്ത്രിക്കില്ല. പൂരം കലക്കിയ ശേഷം അന്വേഷണം നടത്തുമെന്ന് പറഞ്ഞത് എല്ലാവരും മറന്നു പോകുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. പൂരം കലക്കതിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട ആള്‍ അടക്കം പ്രതികളാകും. പൂരം കലക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എ.ഡി.ജി.പിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. ഇല്ലെങ്കിലും പറയിക്കും. ഈ മാസം 28 ന് തൃശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിന് അപമാനകരമായ കൊലപാതകമായിരുന്നു അരിയില്‍ ഷുക്കൂറിന്റേത്. ഒരു കുടുംബത്തന്റെ എല്ലാമായിരുന്ന ചെറുപ്പക്കാരനെയാണ് പരസ്യമായി വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സി.പി.എം നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നു. എവിടെ രാഷ്ട്രീയ കൊലപാതകം നടന്നാലും അതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം.