ദില്ലി: ബി ജെ പിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. കൊല്ലത്ത് നടൻ കൂടിയായ ബി ജെ പി നേതാവ് കൃഷ്ണ കുമാറും ആലത്തൂരിൽ വിക്ടോറിയ കോളേജ്ടി മുൻ പ്രിൻസിപ്പൽ എൻ സരസുവും എറണാകുളത്ത് കെ എസ് രാധാകൃഷ്ണനുമാകും എൻ ഡി എ സ്ഥാനാർത്ഥികൾ. വയനാട്ടിൽ രാഹുലിനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന അഭിപ്രായത്തെ തുടർന്നാണ് കെ സുരേന്ദ്രനെ രംഗത്തിറക്കിയതെന്ന് ബി ജെ പി ദേശീയ നേതൃത്വം പ്രതികരിച്ചു.
അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള എൻ ഡി എ സ്ഥാനാർഥികളും ഗോദയിലേക്ക് എത്തുകയാണ്.
അതേസമയം നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും ആനിരാജയ്ക്കുമെതിരേ ബി ജെ പി സംസ്ഥാന അധ്യക്ഷനെ രംഗത്തിറക്കി മത്സരം കടുപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് തിരുമാനമുണ്ടായത്.
നടി കങ്കണ റണൗട്ട് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് ജനവിധി തേടും. മനേക ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുരിൽനിന്ന് മത്സരിക്കും. എന്നാൽ പിലിഭിത്തിൽ വരുൺഗാന്ധിക്ക് ഇക്കുറി സീറ്റ് നൽകിയിട്ടില്ല. ജിതിൻ പ്രസാദയാണ് പിലിഭിത്തിലെ ബി ജെ പി സ്ഥാനാർഥി. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും. ജെ എം എം വിട്ടുവന്ന സീത സോറന് ധുംകയിലെ സീറ്റ് ബി ജെ പി നൽകിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് വീണ്ടും ബി ജെ പിയിലെത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെൽഗാമിൽനിന്ന് മത്സരിക്കും.
k surendran will contest against rahul gandhi in wayanad lok sabha election 2024