തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണുമ്പോള്‍ ‘ഭീമന്റെ വഴി’ സിനിമയിലെ കൊസ്തേപ്പിനെയാണ് ഓര്‍മ്മ വരുന്നതെന്ന് നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍. ‘എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് സിനിമയില്‍ കൊസ്തേപ്പ് പറഞ്ഞ പോലെയാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാന്‍ പറഞ്ഞത്. വികസനം മുടക്കുന്നവരെല്ലാം കൊസ്തേപ്പുമാരാണ്. കേരളത്തിന്റെ ആദ്യ കൊസ്തേപ്പ് പ്രതിപക്ഷ നേതാവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഒരു വികസന പ്രവര്‍ത്തനവും താന്‍ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. എന്ത് വികസന പ്രവര്‍ത്തനം വന്നാലും അതിന്മേല്‍ ചാടി വീഴുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. എം വിന്‍സെന്റ് എംഎല്‍എ ആളെക്കൂട്ടി വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞം പദ്ധതി മുടക്കാന്‍ ശ്രമിച്ചിട്ട് പ്രതിപക്ഷം ഇപ്പോള്‍ തങ്ങളുടെ കൂടെ പദ്ധതിയാണെന്ന് പറയുന്നത് മോശം കാര്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.