കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. ‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചതെന്നും വടകര പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായും പൊലീസ് പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത ‘പോരാളി ഷാജ എന്ന ഫേസ്ബുക് പേജിന്റെ ഉടമ വഹാബിന്റേത് ഉള്‍പ്പടെ നാല് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. അമല്‍, മനീഷ്, റിബേഷ്, വഹാബ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.
2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. റബീഷ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു.
റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. പോരാളി ഷാജി പേജ് ഉടമ വഹാബ് അബ്ദുവിന്റെയും അമൽ റാം, റബീഷ്,മനീഷ് എന്നിവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ വടകര പൊലീസ് അറിയിച്ചു.