ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിൽ കുടുങ്ങിയിട്ട് മൂന്ന് മാസമാകുന്നു. നാസ സംഘം ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും, പേടകത്തിലെ സാങ്കേതിക തകരാറുമൂലം ഈ നീക്കം പ്രതിസന്ധിയിലായി. പലവിധത്തിലും ഇരുവരെയും തിരിച്ചെത്തിക്കാൻ നാസ ശ്രമിച്ചെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ, ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. സുനിതയോ വിൽമോറോ ഇല്ലാതെയാണ് സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്.
നാസയെ എക്കാലവും വേട്ടയാടിയ, നിരവധി ബഹിരാകാശ യാത്രികരുടെ ജീവനെടുത്ത ‘കൊളംബിയ’, ‘ചലഞ്ചർ’ ദുരന്തത്തിന്റെ ഓർമകളായിരുന്നു യാത്രികരെ ഏതുവിധേനയും തിരികെയെത്തിക്കാമെന്ന തീരുമാനത്തിൽ നിന്ന് അവരെ പിന്നോട്ടുവലിച്ചത്. തകരാറിലായ പേടകത്തിലുള്ള തിരിച്ചുവരവ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഈ തീരുമാനം.
2003 ഫെബ്രുവരി ഒന്നിനാണ് കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടതും ഇന്ത്യന്‍ വംശജയായ കല്‍പനാ ചൗള അടങ്ങുന്ന ഏഴംഗ സംഘത്തിന് ജീവൻ നഷ്ടമായതും. പേടകം അന്തരീക്ഷത്തില്‍ കത്തിയമരുകയായിരുന്നു. ലാൻഡിങ്ങിന് 16 മിനുട്ട് മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം. കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ട് 14 ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
അതിനാൽ, ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ 2025 ഫെബ്രുവരിയിൽ, സ്പേസ് എക്സ് ക്രൂ ഡ്രാഗണിലേക്ക് കൊണ്ടുവരാനാണ് നിലവിൽ നാസയുടെ തീരുമാനം.