”എഴുത്തില്‍ സാധ്യമായ എല്ലാ രൂപങ്ങള്‍ക്കും പൂര്‍ണത നല്‍കിയ എഴുത്തുകാരന്റെ മനസ് വിരമിച്ചിരിക്കുന്നു, ഇത് വലിയ നഷ്ടമാണ്”- ഹൃദയ സ്പര്‍ശിയായി കമല്‍ഹാസന്റെ കുറിപ്പ്

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവവന്‍ നായരുടെ വിയോഗത്തില്‍ മലയാളം തേങ്ങുമ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ കമല്‍ഹാസന്‍. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയില്‍ തുടങ്ങിയ സൗഹൃദം, ഏറ്റവും ഒടുവില്‍ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ ‘മനോരഥങ്ങള്‍’ വരെ തുടര്‍ന്നുവെന്നു കമല്‍ഹാസന്‍ ഓര്‍ത്തെടുക്കുന്നു. തന്റെ മാതൃഭാഷയായ തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

”മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയില്‍ അദ്ദേഹവുമായുള്ള എന്റെ സൗഹൃദത്തിന് ഇപ്പോള്‍ അന്‍പത് വയസ്സ് തികയുന്നു. ഏറ്റവും ഒടുവില്‍ ‘മനോരഥങ്ങള്‍’ വരെ ആ സൗഹൃദം തുടര്‍ന്നു.

മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകള്‍ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാകുന്നു. എഴുത്തിന്റെ ലോകത്ത് ആഴത്തില്‍ പതിഞ്ഞ അദ്ദേഹത്തിന്റെ കാലടികളുടെ വിയോഗം സങ്കടകരമാണ്.

എഴുത്തില്‍ സാധ്യമായ എല്ലാ രൂപങ്ങള്‍ക്കും അതിന്റേതായ തനിമയോടെ പൂര്‍ണത നല്‍കിയ എഴുത്തുകാരന്റെ മനസ് വിരമിച്ചിരിക്കുന്നു. ഇത് വലിയ നഷ്ടമാണ്. തെന്നിന്ത്യന്‍ സാഹിത്യ വായനക്കാരെയും കാലാ ആരാധകരെയും ഇത് ദുരിതത്തിലാക്കും. മഹാനായ എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.” കമല്‍ഹാസന്‍ കുറിച്ചു.

More Stories from this section

family-dental
witywide