കാർഗിൽ യുദ്ധ നായകൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ കമൽകാന്ത് ബത്ര അന്തരിച്ചു

ന്യൂഡൽഹി: മുൻ എഎപി നേതാവും കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മയുമായ കമൽകാന്ത് ബത്ര അന്തരിച്ചു. ഹിമാചൽ പ്രദേശിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി. “ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ ശ്രീമതി കമൽകാന്ത് ബത്രയുടെ വിയോഗത്തിൻ്റെ ദുഃഖവാർത്ത ലഭിച്ചു. കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി നൽകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.”

2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ ഹമീർപൂരിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി കമൽകാന്ത് ബത്ര മത്സരിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ പ്രവർത്തനത്തിലും സംഘടനാ ഘടനയിലും അതൃപ്തി പ്രകടിപ്പിച്ച് മാസങ്ങൾക്ക് ശേഷം പാർട്ടി വിട്ടു.

“എഎപിയുടെ പ്രവർത്തനത്തിലും സംഘടനാ ഘടനയിലും എനിക്ക് വളരെയധികം അതൃപ്‌തി ഉണ്ടായിരുന്നു. ഹിമാചലിൽ സംസ്ഥാന തലത്തിൽ പാർട്ടി വലിയ തകർച്ച നേരിട്ടു. പാർട്ടിയുടെ ദേശീയ പ്രവർത്തനവും എന്നെ ആകർഷിക്കുന്നില്ല,” എന്നായിരുന്നു അന്ന് കമൽകാന്ത് ബത്ര പറഞ്ഞത്.

കമൽകാന്ത് ബത്രയുടെ മകൻ, ക്യാപ്റ്റൻ വിക്രം ബത്ര, 24-ആം വയസ്സിലാണ് കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് മരണാനന്തരം പരമോന്നത യുദ്ധകാല ധീര പുരസ്കാരമായ പരമവീര ചക്ര നൽകി രാജ്യം ആദരിച്ചു.

2021 ൽ പുറത്തിറങ്ങിയ, ‘ഷേർഷാ’ എന്ന ബോളിവുഡ് ചിത്രം ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയായിരുന്നു.