ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് കമൽനാഥ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. അദ്ദേഹം ഇതുവരെ രാജിവെച്ചിട്ടില്ലെങ്കിലും പാർട്ടിയിൽ നടക്കുന്ന കാര്യങ്ങളിൽ അസംതൃപ്തനാണെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച ഡൽഹിയിലെത്തിയ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കണ്ടിട്ടില്ലെന്നും ബിജെപി മധ്യപ്രദേശ് പ്രസിഡൻ്റ് വി ഡി ശർമയെപ്പോലുള്ള നേതാക്കൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി പറയുന്നത് കേട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
കമൽനാഥിൻ്റെ മകനും നിലവിലെ ചിന്ദ്വാര എംപിയുമായ നകുൽ നാഥും പിതാവിനൊപ്പം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നകുല്‍നാഥ്, ട്വിറ്റര്‍ ബയോയില്‍ ‘കോണ്‍ഗ്രസ്’ എടുത്തുമാറ്റിയതും വളരെ സൂക്ഷ്മമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്.
“കമൽനാഥ് തൻ്റെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണെന്നും ജയറാം രമേഷ്, കെസി വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കളാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്.”
പാര്‍ട്ടിക്കുള്ളില്‍ കമല്‍നാഥിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി സജ്ജന്‍ സിങ് വര്‍മവാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
“പരിഗണന, അപമാനം, ആത്മാഭിമാനം എന്നീ മൂന്ന് കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ഏതെങ്കിലും ഒന്നിന് മുറിവേറ്റാല്‍ ഒരാള്‍, തന്റെ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതനാകും. കഴിഞ്ഞ 45 വര്‍ഷമായി രാജ്യത്തിനും കോണ്‍ഗ്രസിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവ്, മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഈ മൂന്ന് കാര്യങ്ങളൊക്കെ തന്നെയാകാം അതിന് കാരണം,” സജ്ജന്‍ സിങ് വര്‍മ പറഞ്ഞു.