ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ തൻ്റെ വസതിയിൽ ഉയർത്തിയ ‘ജയ് ശ്രീറാം’ പതാക നീക്കം ചെയ്തു കമൽനാഥ്. ഇന്നലെ ഡൽഹിയിലെ കമൽനാഥിൻ്റെ വസതിയുടെ മേൽക്കൂരയിൽ പതാക കണ്ടതായാണ് റിപ്പോർട്ട്.
കമൽനാഥും അദ്ദേഹത്തിൻ്റെ മകൻ നകുൽ നാഥും കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച കമൽനാഥ് ഡൽഹിയിലെത്തുകയും അദ്ദേഹത്തിൻ്റെ മകനും മധ്യപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയുമായ നകുൽ നാഥ് സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിൻ്റെ ബയോയിൽ നിന്ന് പാർട്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി. കമൽനാഥ് ദേശീയ തലസ്ഥാനത്ത് ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് പാർട്ടി നേരിട്ട കനത്ത തോൽവിക്ക് ശേഷം മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിൽ കമൽ നാഥിന് അസ്വസ്ഥതയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. എന്നാൽ, കമൽനാഥ് പാർട്ടി വിടുമെന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു.