വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 247 ഇലക്ടറല്‍ വോട്ടുകളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്നത്. നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോര്‍ത്ത് കാരോലിനയിലും ജോര്‍ജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. 78കാരനായ ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, ട്രംപ് മുന്നിലെത്തിയതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ തിരഞ്ഞെടുപ്പ് രാത്രിയിലെ പ്രസംഗം റദ്ദാക്കി. ഇന്ന് രാത്രി കമല പ്രസംഗിക്കില്ലെന്നും നാളെ കമലയുടെ വാക്കുകള്‍ കേള്‍ക്കാമെന്നും കമലയുടെ പ്രചാരണ സഹ-ചെയര്‍ സെഡ്രിക് റിച്ച്മണ്ട് വാഷിംഗ്ടണില്‍ പറഞ്ഞു.
രണ്ട് ഡെമോക്രാറ്റിക് സീറ്റുകള്‍ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത് ട്രംപിന്റെ രാഷ്ട്രീയ പിന്തുണ കൂട്ടി. ശക്തമായ പ്രചാരണങ്ങള്‍ക്കിടയിലും, ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളിലും കമലയ്ക്ക് പിന്തുണ കുറഞ്ഞു.
ട്രംപിന്റെ വിജയ സാധ്യത ഏറക്കുറെ ഉറപ്പിച്ചതോടെ, യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയരുകയും ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരങ്ങളിലെത്തുകയും ചെയ്തു. ഇതോടെ വിപണിയിലും തിരഞ്ഞെടുപ്പ് യുഎസ് പ്രതിഫലിക്കുകയാണ്.