വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥിയായി കമലാ ഹാരിസ് വരുമെന്നുറപ്പിച്ചതോടെ പ്രചാരണ ഫണ്ടിലേക്ക് ആദ്യ ആഴ്ചയില്‍ 200 മില്ല്യൺ ഡോളർ സംഭാവനയായി ലഭിച്ചെന്ന് റിപ്പോർട്ട്. ധനസമാഹരണ ക്യാമ്പയിനിൽ ഭൂരിഭാഗവും ആദ്യമായി സംഭാവന നൽകുന്നവരാണ് പങ്കെടുക്കുന്നതെന്നും ജോ ബൈഡന് പകരം കമലാ ഹാരിസിനെ അംഗീകരിച്ചതിന്റെ തെളിവാണിതെന്നും ഡെമോക്രാറ്റുകൾ കരുതുന്നു.
കമലാ ഹാരിസിൻ്റെ പ്രചാരണത്തെ സഹായിക്കാൻ 170,000-ലധികം സന്നദ്ധപ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഇനി 100 ദിവസം മാത്രമാണ് ബാക്കി. കമലാ ഹാരിസ് ശനിയാഴ്ച മസാച്യുസെറ്റ്‌സിലെ പിറ്റ്‌സ്‌ഫീൽഡിൽ പ്രചാരണം നടത്തി. ഫണ്ട് ശേഖരണം 400,000 ഡോളർ സമാഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഏകദേശം 1.4 മില്യൺ ഡോളർ സമാഹരിച്ചുവെന്ന് പറയുന്നു. ഡെമോക്രാറ്റികളുടെയും ലിബറലുകളുടെയും പിന്തുണ കമലാ ഹാരിസിന് ലഭിക്കുന്നുണ്ട്.
മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, മുൻ ഹൗസ് ന്യൂനപക്ഷ വിപ്പ് ജിം ക്ലൈബേൺ, മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻ്റൺ എന്നിവർ കമലാ ഹാരിസിനെ പിന്തുണച്ചു. ഒബാമയും ഭാര്യ മിഷേലും കമലാ ഹാരിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.