വാഷിങ്ടൺ: ആദ്യ റാലിയിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കമലാ ഹാരിസ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിനെ പ്രോസിക്യൂട്ടറും ശിക്ഷിക്കപ്പെട്ട കുറ്റവാളിയും തമ്മിലുള്ള മത്സരമെന്നാണ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. വിസ്കോൺസിനിൽ മൂവായിരത്തോളം വരുന്ന അനുയായികളോട് റിപ്പബ്ലിക്കൻ എതിരാളിയെ താൻ പ്രോസിക്യൂട്ട് ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു. ട്രംപിനെ വഞ്ചകനെന്നും കമലാ ഹാരിസ് വിശേഷിപ്പിച്ചു.
ഡെമോക്രാറ്റിക് പ്രതിനിധികളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് കമലാ ഹാരിസ് രംഗത്തെത്തിയത്. പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് കമലാ ഹാരിസിന് വഴി തെളിഞ്ഞത്. കമലാ ഹാരിസിനെതിരെ ട്രംപും വിമർശനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. യു എസ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയില്ലാത്ത വൈസ് പ്രസിഡൻ്റാണ് കമലയെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ റെക്കോർഡ് വരവ് തടയുന്നതിൽ കമലാ ഹാരിസ് പരാജയപ്പെട്ടെന്നും ട്രംപ് കുറ്റപ്പെടുത്തി. ബൈഡൻ-കമലാ ഹാരിസ് ഭരണകാലത്ത് കുറ്റകൃത്യവും വിലക്കയറ്റവും കുതിച്ചുയർന്നെന്നും ട്രംപ് പറഞ്ഞു.