മിഷിഗൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി വോട്ടു തേടി മുൻ പ്രഥമ വനിത മിഷേൽ ഒബാമ. ആഫ്രോവംശഡർക്കിടയിൽ കമലയുടെ സ്വാധീനം കുറയുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്ന ശേഷം ഒമാബയും മിഷേലും കമലയ്ക്കു വേണ്ടിയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മിഷിഗനിൽ നടന്ന കമലയുടെ പ്രചാരണപരിപാടിയിലാണ് മിഷേൽ പങ്കെടുത്തത്.
കിറുക്കൻ സ്വഭാവം, പ്രകടമായ മാനസികത്തകരാറുകൾ, ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതി, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാൾ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ട്രംപിന്റെ കാര്യത്തിൽ വോട്ടർമാർക്ക് എങ്ങനെയാണ് നിസ്സംഗത പുലർത്താനാകുന്നെതെന്നും അതിൽ തനിക്ക് ദേഷ്യമുണ്ടെന്നും മിഷേൽ പറഞ്ഞു.
വൈറ്റ്ഹൗസിന്റെ അധികാരം വീണ്ടും ഡൊണാൾഡ് ട്രംപിന്റെ കൈയിലെത്തുമോയെന്ന ആശങ്കയുണ്ടെന്ന് മിഷേൽ തുറന്നു സമ്മതിച്ചു. അതു തടയാൻ കമലയെ ജയിപ്പിക്കണമെന്ന് മിഷേൽ വോട്ടർമാരോട് അഭ്യർഥിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണ പ്രസിഡന്റായിരിക്കും കമലയെന്ന് മിഷേൽ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാൽ അദ്ദേഹം രാജ്യത്തുടനീളം ഗർഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടർമാരോട് മിഷേൽ പറഞ്ഞു.
അഭിപ്രായവോട്ടെടുപ്പുകളിൽ ട്രംപും കമലയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മിഷേൽ തന്റെ ആശങ്ക പങ്കുവെച്ചത്.