പാർട്ടിയിലെ പിന്തുണ ഉറപ്പാക്കി, കമല ഹാരിസ് പ്രയാണം തുടങ്ങി, സ്വപ്നം പോലൊരു തുടക്കം! പക്ഷെ മുന്നിൽ ‘ഹിമാലയൻ’ ട്രംപ് വെല്ലുവിളി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പാക്കിയ വൈസ് പ്രസിഡന്റ്‌ കമല ഹാരിസ് പ്രയാണം തുടങ്ങി. പാർട്ടിയിൽ ഏറക്കുറെ പിന്തുണ ഉറപ്പാക്കാക്കിയ കമല, തന്റെ ആദ്യ റാലിയിൽ വലിയ ആത്മവിശ്വാസം ആണ് പ്രകടിപ്പിച്ചത്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ റാലിക്കായി കമല ഹാരിസ് ചൊവ്വാഴ്ച മിൽവാക്കിയിലാണ് എത്തിയത്.

മിൽവാക്കി റാലിക്ക് മുന്നോടിയായി, സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷൂമറും ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസും കമലയുടെ നോമിനേഷൻ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. വലിയ സ്വീകരണമാണ് കമല ഹാരിസിന് അവിടെ ലഭിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണ യന്ത്രത്തെ നേരിടാൻ തയ്യാറെടുക്കുമ്പോൾ കമല വലിയ വെല്ലുവിളികളെയാകും നേരിടേണ്ടി വരിക.

ട്രംപ് എന്ന വലിയ വെല്ലുവിളി

ആധുനികകാലത്ത് അമേരിക്കയിലെ ഏതൊരു പ്രസിഡന്റ് സ്ഥാനാർഥിക്കും നേരിടേണ്ടി വരുന്ന ഏറ്റവും ഭയാനകമായ ഒരു ദൗത്യത്തിലേക്കാണ് കമലയും മുന്നേറുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ആക്രമണങ്ങളുടെ മുഴുവൻ തീവ്രതയും ഏറ്റവും കമല നേരിടേണ്ടി വരും.

വാഷിംഗ്ടണിൽ ഒരു പഴഞ്ചൊല്ലുണ്ട്, ഒരു പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് അവരുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ദിവസത്തേക്കാൾ മികച്ച ഒരു ദിവസം ഉണ്ടാകില്ല. 59 കാരിയായ കമല ഹാരിസും ആ അവസ്ഥയിലാണ്. ഡെമോക്രാറ്റിക് പാർട്ടി നോമിനേഷൻ ലഭിച്ചാലും കമല ജയിക്കാൻ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും. ഒരുപക്ഷെ ഏറ്റവും ക്രൂരമായ പ്രചാരണങ്ങൾ ആകും നേരിടേണ്ടി വരിക. സ്ത്രീവിരുദ്ധവും വംശീയ വിദ്വേഷവും ഉള്ള പ്രചരണങ്ങൾക്ക് പേരുകേട്ടയാളാണ് എതിരാളിയും മുൻ പ്രസിഡന്റുമായ ട്രംപ്. എല്ലാ വെല്ലുവിളിയും നേരിടാൻ കമലക്ക് മുന്നിൽ കേവലം 100 ദിവസങ്ങൾ മാത്രമേ ഉള്ളു. എന്താകും എന്നത് കണ്ടറിയണം.