100 കോടി! കമലയുടെ കുതിപ്പ് തുടരുന്നു, പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം കമല ഹാരിസിന് ലഭിച്ച സംഭാവനയുടെ കണക്ക് പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡൊമോക്രാറ്റ് പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർഥിയായതിന് ശേഷം ലഭിച്ച സംഭാവന ഏവരെയും ഞെട്ടിക്കും. പ്രസിഡന്റ് സ്ഥാനാർഥിയായതിന് ശേഷം കമലക്ക് ഒരു ബില്യണ്‍ ഡോളറിലേറെ സംഭാവനയായി ലഭിച്ചുവെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. ഇന്ത്യൻ കറൻസി പ്രകാരം 100 കോടിയിലേറെയാണ് ഇക്കാലയളവിൽ കമലക്ക് ലഭിച്ചിരിക്കുന്നതെന്നാണ് സി എ ന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ തകര്‍പ്പന്‍ പ്രചാരണത്തിലെ ഒരു വലിയ നാഴികക്കല്ലായി ഈ ധനസമാഹരണം മാറിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍, അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം, പണ്ട് സമാഹരണത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മറികടന്നിരുന്നു. എന്നാല്‍ ഏകദേശം രണ്ടര മാസം മുമ്പ് മാത്രം സ്ഥാനാര്‍ത്ഥിത്തത്തിലേക്കെത്തിയ കമല ഈ വര്‍ഷത്തെ വൈറ്റ് ഹൗസ് മത്സരത്തിന്റെ സാമ്പത്തികസ്ഥിതിയെ എത്രമാത്രം മാറ്റിമറിച്ചുവെന്ന് അടിവരയിടുന്ന വേഗതയിലാണ് 100 കോടി കടന്നതെന്നതാണ് ശ്രദ്ധേയം.

‘തികച്ചും അഭൂതപൂര്‍വമായ കാര്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാണെന്ന് തിരഞ്ഞെടുപ്പിലെ സാമ്പത്തിക വിനിമയം നിരീക്ഷിക്കുന്ന നിഷ്പക്ഷ ഗ്രൂപ്പായ ഓപ്പണ്‍ സീക്രട്ട്‌സിലെ ഗവേഷണ ഡയറക്ടര്‍ സാറാ ബ്രൈനര്‍ പറഞ്ഞത്. ഈ പണ ലഭ്യതയുടെ കുതിച്ചുചാട്ടത്തിലൂടെ കമലക്ക് ട്രംപിന്റെ പ്രചാരണ വിഭാഗം ശേഖരിച്ച തുകയെ മറികടക്കാന്‍ സഹായിച്ചെന്നും വിലയിരുത്തലുകളുണ്ട്. ജൂലൈ തുടക്കത്തിനും സെപ്റ്റംബര്‍ അവസാനത്തിനും ഇടയിലുള്ള മൂന്ന് മാസങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഏകദേശം 430 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് ട്രംപിന്റെ ടീം അറിയിച്ചിട്ടുള്ളത്.