യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേകളിൽ ട്രംപിനേക്കാളും മുൻതൂക്കം കമല ഹാരിസിന്

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് മുൻതൂക്കം പ്രവചിച്ച് സർവേകൾ. ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് കമല ഹാരിസ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിനെതിരെ ജനവിധി തേടുന്നത്. ട്രംപിനെക്കാൾ നേരിയ വിജയ സാധ്യത കമലയ്ക്കുണ്ടെന്നാണ് ഏറ്റവും പുതിയ സർവേകൾ പറയുന്നത്.

പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ചതിന് ശേഷം ​നടത്തിയ ആദ്യ സർവേയിലാണ് കമല ഹാരിസിന് മുൻതൂക്കമുണ്ടായത്. റോയിട്ടേഴ്സ്/ഇ​പ്സോസ് സർവേ പ്രകാരം കമല ഹാരിസിന് 44% വോട്ടുകളും ട്രംപിന് 42% വോട്ടുകളും ലഭിച്ചു. ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് രണ്ടു ദിവസത്തിനകം നടത്തിയ സർവേയുടെ ഫലങ്ങളാണ് റോയിട്ടേഴ്സ് പുറത്ത് വിട്ടത്. മുമ്പ് നടത്തിയ സർവേയിൽ 44% വോട്ടോടെ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.

റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന് പിന്നാലെയാണ് പുതിയ സർവേകൾ പുറത്തുവന്നത്. പാർട്ടിയുടെ നോമിനേറ്റിംഗ് കൺവെൻഷന് ശേഷമുള്ള ദിവസങ്ങളിൽ ലഭിക്കുന്ന പിന്തുണയെ പിന്നിലാക്കിക്കൊണ്ടാണ് സർവേയിൽ കമലയുടെ പ്രകടനം. സർവേ ഫലങ്ങൾ ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിലെ ആവേശം വർധിപ്പിച്ചതായാണ് സൂചന.

തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പിന്തുണ ലഭിച്ചതായി കമല ഹാരിസ് അറിയിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക നാമനിർദേശം ഉടൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.