ന്യൂഡെൽഹി: ഈ വർഷം വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനി കമലാ ഹാരിസ് വിജയിക്കുമെന്ന് പ്രവചിച്ച് “യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ നോസ്‌ട്രഡാമസ്” എന്ന് വിളിക്കപ്പെടുന്ന അലൻ ലിച്ച്‌മാൻ. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പത്തിൽ ഒമ്പത് തിരഞ്ഞെടുപ്പ് ഫലങ്ങളും കൃത്യമായി പ്രവചിച്ച ലിച്ച്മാൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു.
അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ 50 വർഷത്തോളം ചരിത്രം പഠിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇക്കാലയളവിൽ വികസിപ്പിച്ചെടുത്ത “കീസ് ടു വൈറ്റ് ഹൗസ്” മോഡലിനെ അടിസ്ഥാനമാക്കിയാണ് ലിച്ച്‌മാൻ തന്റെ പ്രവചനങ്ങൾ നടത്താറുള്ളത്. ഈ രീതി വച്ചാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലിച്ച്‌മാൻ തെറ്റാതെ പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്.
ഈ ശൈലിയിൽ 13 ശരിയോ തെറ്റോ എന്നുള്ള ഉത്തരം പറയാൻ കഴിയുന്ന ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് നിലവിലുള്ള പാർട്ടിയുടെ തോൽവിയുടെ സാധ്യത നിർണ്ണയിക്കുന്ന രീതി ആണെന്ന് വേണമെങ്കിൽ പറയാം. ആറോ അതിലധികമോ കീകൾ നിലവിലെ സ്ഥാനാർത്ഥിക്ക് എതിരായാൽ, അവർ തോൽക്കുമെന്ന് ഇത് അർത്ഥമാക്കുന്നു.