കമല കുതിക്കുന്നു, സംവാദത്തിന് ശേഷം സംഭവിച്ചത്! ആദ്യ 24 മണിക്കൂറിനുള്ളിൽ 47 മില്യൺ ഡോളർ ഒഴുകിയെത്തി

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞാടുപ്പിൽ നിർണായകമായ സംവാദത്തിൽ ഡൊണാൾഡ് ട്രംപിനു മേൽ കമല ഹാരിസിന് മുൻതൂക്കം നേടാനായി എന്ന നിലയിലുള്ള സർവേകൾ ആണ് ഏറിയപങ്കും പുറത്തുവന്നിട്ടുള്ളത്. ഇത് കമലക്ക് വലിയ ഗുണം ചെയ്യുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന സംവാദത്തിനു ശേഷം കമലയുടെ പ്രചരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയ ഡോളറുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംവാദത്തിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനിടെ 47 ദശലക്ഷം ഡോളറാണ് കമലയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത്. 600,000 വ്യക്തിഗത ദാതാക്കളിൽ നിന്നാണ് 47 മില്യൺ ഡോളർ ലഭിച്ചത്. ഹാരിസ് പ്രചാരണ സമിതിയുടെ വക്താവ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഹാരിസിൻ്റെ ധനസമാഹരണ പ്രവർത്തനത്തിൽ വലിയ ഊർജ്ജമാണ് ട്രംപുമായുള്ള സംവാദം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സംവാദത്തിൽ പ്രസിഡൻ്റ് ജോ ബൈഡന്റെ പ്രകടനം മോശമാകുകയും അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് കമല പ്രസിഡന്റ് സ്ഥാനാർഥിയായത്. കമലയുടെ സ്ഥാനാർഥിത്വത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ പറയുന്നത്. ഓഗസ്റ്റിൽ 361 മില്യൺ ഡോളർ സംഭാവന ലഭിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. ട്രംപിന് ഈ കാലയളവിൽ 130 മില്യൺ ഡോളർ മാത്രമേ ലഭിച്ചുള്ളൂ എന്നും അവർ പറഞ്ഞു. അതായത് ഏകദേശം മൂന്ന് മടങ്ങ് അധികം പണം കമലക്ക് ലഭിച്ചെന്നും ഇത് കമലയുടെ പിന്തുണയാണ് വ്യക്തമാക്കുന്നതെന്നും അവർ വിവരിച്ചു.