വാഷിംഗ്ടൺ: കുട്ടിക്കാലത്ത് ഇന്ത്യയിൽ എത്തിയുള്ള ദീപാവലി ആഘോഷങ്ങളുടെ ഓർമകൾ പങ്കുവച്ച് ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസ്. സൗത്ത് ഏഷ്യൻ ഓൺലൈൻ പ്രസിദ്ധീകരണമായ ദി ജാഗർനോട്ടിൽ എഴുതിയ ലേഖനത്തിലാണ് കമല ഇതെ കുറിച്ച് എഴുതിയത്. കുട്ടിക്കാലത്ത് ദീപാവലി സമയങ്ങളിൽ സ്ഥിരമായി ഇന്ത്യയിൽ എത്താറുണ്ടായിരുന്ന കാര്യവും കമലയുടെ അമ്മ ശ്യാമള ഗോപാലൻ്റെ കാൻസർ രോഗാവസ്ഥകളെ കുറിച്ചും കമല അതിൽ എഴുതിയിട്ടുണ്ട്.
” ഞങ്ങളുടെ പൈതൃകത്തെ വിലമതിക്കാനും ബഹുമാനിക്കാനും എൻ്റെ അമ്മ എന്നെയും സഹോദരിയെയും പഠിപ്പിച്ചു. മിക്കവാറും എല്ലാ വർഷവും ഞങ്ങൾ ദീപാവലിക്ക് ഇന്ത്യയിലേക്ക് പോകും. ഞങ്ങൾ ഞങ്ങളുടെ മുത് ശ്ശനും മുത്തശ്ശിക്കും അമ്മാവന്മാർക്കും ചിത്തിമാർക്കുമൊപ്പം സമയം ചെലവഴിക്കും,” ഹാരിസ് എഴുതി.
“വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ, എൻ്റെ വീട്ടിൽ – (വൈസ് പ്രസിഡൻ്റിൻ്റെ വസതിയിൽ) ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് എനിക്കു വലിയ അംഗീകരാമാണ്. അവധി ആഘോഷം മാത്രമല്ല, ദക്ഷിണേഷ്യൻ പ്രവാസികളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പൈതൃകവും ആഘോഷിക്കുന്ന വേളയാണ് ദീപാവലി.” അവർ എഴുതി
നവംബർ 5-ന് പൊതുതിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ 19 വയസ്സുള്ളപ്പോൾ, അവരുടെ അമ്മ ശ്യാമള ഒറ്റയ്ക്ക് കടൽ കടന്ന് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്തത് അവർ വിവരിക്കുന്നുണ്ട്.
As a young girl visiting my grandparents in India, my grandfather took me on his morning walks, where he would discuss the importance of fighting for equality and fighting corruption. He was a retired civil servant who had been part of the movement to win India’s independence.… pic.twitter.com/vOpgtsomQN
— Kamala Harris (@KamalaHarris) September 8, 2024
“ഞാൻ ചെറുതായിരിക്കുമ്പോൾ, ഞങ്ങൾ ഇന്ത്യയിലേക്ക് പോകുമ്പോൾ, ഞങ്ങൾ എൻ്റെ മുത്തച്ഛൻ പി.വി. ഗോപാലനെയും സന്ദർശിക്കുമായിരുന്നു, അന്ന് മദ്രാസ് എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്താണ് അവർ താമസിച്ചിരുന്നത്. എൻ്റെ മുത്തച്ഛൻ ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു . അദ്ദേഹത്തിൻ്റെ പ്രഭാത ദിനചര്യയുടെ ഭാഗമായിരുന്നു നടത്തം. അദ്ദേഹത്തോടൊപ്പം കടൽത്തീരത്ത് ദീർഘനേരം ഞാനും നടക്കുകയായിരുന്നു. കുറേ സുഹൃത്തുകളുമൊത്തുള്ള അദ്ദേഹത്തിന്റെ, ആ നടത്തങ്ങളിൽ ഞാനും ചേരുകയും ജനാധിപത്യത്തിനും പൗരാവകാശത്തിനും വേണ്ടി പോരാടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കഥകൾ കേൾക്കുകയും ചെയ്യുമായിരുന്നു, ”അവർ എഴുതി.
“ഈ നടപ്പുകളിലൂടെ, ജനാധിപത്യം എന്നതിൻ്റെ അർത്ഥം മാത്രമല്ല, ജനാധിപത്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മുത്തച്ഛൻ എന്നെ പഠിപ്പിച്ചത് ഞാൻ ഓർക്കുന്നു. ആ പാഠങ്ങളാണ് പൊതുസേവനത്തോടുള്ള എൻ്റെ താൽപ്പര്യത്തെ ആദ്യം പ്രചോദിപ്പിച്ചത്. അവ ഇന്നും എന്നെ നയിക്കുന്നു – വൈസ് പ്രസിഡൻ്റും എന്ന നിലയിലും. അമേരിക്കൻ പ്രസിഡൻ്റിൻ്റെ സ്ഥാനാർത്ഥി എന്ന നിലയിലും,” ഹാരിസ് എഴുതുന്നു.
“ദക്ഷിണേഷ്യക്കാർ ആരോഗ്യസംരക്ഷണം പലപ്പോഴും അവഗണിക്കുന്നു, പ്രത്യേകിച്ച് ഹൃദയാരോഗ്യം, പ്രമേഹം എന്നിവയുടെ കാര്യത്തിൽ. മുതിർന്നവർക്കുള്ള ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില കുറയ്ക്കാൻ ഞാൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ചേർന്ന് പ്രവർത്തിച്ചു. അഫോഡബിൾ കെയർ ആക്ട് ഞാൻ സംരക്ഷിക്കും. മുതിർന്നവർക്കുള്ള ഹോം കെയർ ലക്ഷ്യമിട്ട് മെഡികെയർ വിപുലമാക്കും. എൻ്റെ അമ്മയ്ക്ക് അർബുദം ബാധിച്ച സമയത്ത് ഞാനാണ് അവരെ നോക്കിയിരുന്നത്. രോഗിയെ പരിപാലിക്കുന്നതിനും പരിചരിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നു – അവർ എഴുതി.
“ഡൊണാൾഡ് ട്രംപ് ഗൗരവമില്ലാത്ത ആളാണ്, അദ്ദേഹം വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ അനന്തരഫലങ്ങൾ ക്രൂരവും ഗുരുതരവുമായിരിക്കും. ട്രംപും അദ്ദേഹത്തിൻ്റെ തീവ്രവാദി സഖ്യകക്ഷികളും സാമൂഹിക സുരക്ഷയും മെഡികെയറും വെട്ടിക്കുറയ്ക്കും. അദ്ദേഹത്തിൻ്റെ സാമ്പത്തിക നയങ്ങൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്യും. 2025-ൽ അദ്ദേഹം ‘ട്രംപ് സെയിൽസ് ടാക്‌സ്’ ചുമത്താൻ ഉദ്ദേശിക്കുന്നു, അത് കുറഞ്ഞത് 20% നികുതിയായിക്കും – കമല എഴുതി.
Kamala Harris Recalls How She went To India On Diwali