വാഷിങ്ടൺ: യുഎസ് സന്ദർശനത്തിനായി വാഷിങ്ടണിൽ എത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിസംബോധന ചെയ്യുന്ന യു.എസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിക്കില്ലെന്ന് കമലാ ഹാരിസ്. കമലയുടെ സഹായിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, നെതന്യാഹുവുമായി കമല ഹാരിസ് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ജോ ബൈഡൻ നിശ്ചയിച്ച യോഗത്തിന് പുറമെയാണ് വൈസ് പ്രസിഡന്റുമായും കൂടിക്കാഴ്ച നടക്കുന്നത്.
ജൂലൈ 24 ന് ഇൻഡ്യാനോപോളിസിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനാൽ യു.എസ് കോൺഗ്രസിനെ നെതന്യാഹു അഭിസംബോധന ചെയ്യുമ്പോൾ വൈസ് പ്രസിഡന്റ് കമല ഹാരിസ് അധ്യക്ഷത വഹിക്കാനുണ്ടാവില്ലെന്നും സഹായി വ്യക്തമാക്കി. നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന കാഴ്ചപ്പാട് കമല പങ്കുവെക്കും.
ബന്ധികളുടെ മോചനം സാധ്യമാക്കണമെന്നും ഗസ്സയിലെ മനുഷ്യരുടെ ദുരിതങ്ങൾക്ക് അറുതിവരുത്തണമെന്നും കമല ആവശ്യപ്പെടുമെന്നും അറിയിച്ചു. കമലയുടെ തീരുമാനത്തെ സ്പീക്കർ മൈക്ക് ജോൺസൺ രൂക്ഷമായി വിമർശിച്ചു.