വാഷിംഗ്ടൺ: ആരായിരിക്കും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി എന്ന സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇന്നത്തോടെ ആ സസ്പെൻസ് അവസാനിക്കുമെന്നാണ് വ്യക്തമാകുന്നത്. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ കമല ഹാരിസ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമലാ ഹാരിസ് വാഷിംഗ്ടണിലെ തന്‍റെ വസതിയിൽ മത്സരാർത്ഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഡെമോക്രാറ്റിക്ക് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ബൈഡൻ സർക്കാരിലെ നാല് ഗവർണർമാർ, ഒരു സെനറ്റർ, ഒരു കാബിനറ്റ് സെക്രട്ടറി എന്നിങ്ങനെ ആറ് പേരിലാണ് ഊഹാപോഹങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പര്യടനത്തിന് ചൊവ്വാഴ്ച വൈകുന്നേരം ഫിലാഡൽഫിയയിലെ ടെംപിൾ യൂണിവേഴ്‌സിറ്റിയിൽ കമല തുടക്കമിടുകയാണ്. ഇതിന് മുന്നേ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. അരിസോണയിലെ യു എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ, മിനസോട്ട ഗവർണർ ടിം വാൾസ് എന്നിവരിലാരെങ്കിലുമായിരിക്കും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയെന്നാണ് വിലയിരുത്തലുകൾ.