ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് കമലയുടെ പുതിയ നീക്കം

വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്ന്‍ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നീക്കം നടത്തുന്നു. കമലയുടെ അമ്മ ശ്യാമള ഗോപാലനെക്കുറിച്ചുള്ള ഒരു സ്വകാര്യ പരസ്യം പുറത്തിറക്കിയതോടെയാണ് കമല പ്രചാരണത്തിന് പുതിയ വഴി തേടിയത്. 2009-ല്‍ അന്തരിച്ച ശ്യാമള ഗോപാലന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഹാരിസ് തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുന്നത് എടുത്തുകാണിക്കുന്നുമുണ്ട്.

എന്റെ അമ്മ 5 അടി ഉയരമുള്ള, ബ്രൗണ്‍ നിറമുള്ള ഒരു മിടുക്കിയായിരുന്നു തന്റെ അമ്മ എന്ന കമല ഹാരിസ് പറഞ്ഞു. മാത്രമല്ല, അനീതിയെക്കുറിച്ച് ഒരിക്കലും പരാതിപ്പെടാനല്ല, അതിനോട് പ്രതികരിക്കാനാണ് അമ്മ പഠിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി കമല അമ്മയുടെ ഓര്‍മ്മകളെ പ്രചരണത്തിലേക്ക് ചേര്‍ത്തു.

അമ്മയുടെ വാക്കുകള്‍ അഭിഭാഷകയാകാനും പിന്നീട് പൊതുപ്രവര്‍ത്തനം നടത്താനും പ്രചോദനമായെന്ന് അവര്‍ പറയുന്നു. പ്രമുഖ സ്തനാര്‍ബുദ ഗവേഷകയായിരുന്ന ശ്യാമള ഗോപാലന്‍ 19-ാം വയസ്സില്‍ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ചേരുന്നതിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്.

ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ശ്യാമളയുടെ അച്ഛന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ വക്താവായിരുന്നു. ബെര്‍ക്ക്ലിയില്‍ വച്ച് അവര്‍ യുഎസ് സിവില്‍ റൈറ്റ്സ് മൂവ്മെന്റില്‍ എത്തുകയും പങ്കാളി ഡോണള്‍ഡ് ഹാരിസിനെ കണ്ടുമുട്ടുകയും ചെയ്തു.