
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും താമരവിരിയിക്കാന്‍ കച്ചമുറുക്കി ഇറങ്ങുന്നതാകട്ടെ ബോളിവുഡ് താരം കങ്കണ റണാവത്ത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി എപ്പോഴും ശബ്ദമുയര്‍ത്തുന്ന കങ്കണ റണാവത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റമാണ് മണ്ഡിയിലെ ബിജെപി ടിക്കറ്റിലൂടെ സാധ്യമാകുന്നത്.
പുതുതായി ഉൾപ്പെടുത്തിയ അംഗങ്ങളായ വ്യവസായി നവീൻ ജിൻഡാൽ, രഞ്ജിത് ചൗട്ടാല, കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ തുടങ്ങിയവരും നടി കങ്കണ റണാവത്തിനെ കൂടാതെ ബിജെപി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച അഞ്ചാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വൊളൻ്ററി റിട്ടയർമെൻ്റ് എടുത്ത ശേഷം അടുത്തിടെ ബിജെപിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബംഗാളിലെ താംലൂക് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.
മേനക ഗാന്ധിയെ സുൽത്താൻപൂരിൽ നിന്ന് മത്സരിപ്പിച്ചെങ്കിലും വരുൺ ഗാന്ധിക്ക് ബിജെപി ഇത്തവണ സീറ്റ് നൽകിയില്ല. വരുൺ ഗാന്ധിയുടെ സീറ്റായ പിലിഭിത്തിൽ നിന്ന് ഇത്തവണ മൽസരിക്കുന്നത് ജിതിൻ പ്രസാദയാണ്. മുൻ കോൺഗ്രസ് നേതാവായിരുന്നു ജിതിൻ പ്രസാദ. ജനപ്രിയ ടിവി സീരിയലായ രാമായണത്തിലെ രാമനായി അഭിനയിച്ച നടൻ അരുൺ ഗോവിലിനെ മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കി.
മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ മകൻ രഞ്ജിത് ചൗട്ടാല ഹിസാറിൽ മത്സരിക്കും. ഒഡിഷയിൽ ബിജെപി രണ്ട് പ്രധാന നേതാക്കളെ രംഗത്തിറക്കി – സംബൽപൂരിൽ നിന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പുരിയിൽ നിന്ന് സംബിത് പത്രയും.
മറുകണ്ടം ചാടിയ മറ്റൊരു പുതിയ അംഗം സീത സോറൻ ജാർഖണ്ഡിലെ ദുംകയിൽ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബെഗുസരായിയിൽ നിന്നും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പട്‌ന സാഹിബിൽ നിന്നും മത്സരിക്കും.
‘എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാര്‍ട്ടിയായ ബിജെപിക്ക് എല്ലായ്പ്പോഴും എന്റെ നിരുപാധിക പിന്തുണയുണ്ട്, ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ അവരുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുന്നതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു. യോഗ്യയായ ഒരു പ്രവര്‍ത്തകയും വിശ്വസ്തയായ ഒരു പൊതുപ്രവര്‍ത്തകയുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നന്ദി’ എന്നാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കങ്കണ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.