
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് തന്നെ കാണാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് വിവാദത്തിലേക്ക്. കങ്കണയുടെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ആളുകളോടാണ് ആധാര്‍കാര്‍ഡുമായി കാണാന്‍ വരണമെന്നും അവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം കടലാസില്‍ എഴുതിക്കൊടുക്കണമെന്നും നിര്‍ദേശിച്ചത്.
സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മണ്ഡി ലോക്സഭാ സീറ്റില്‍ നിന്ന് കങ്കണ റണാവത്തിനോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് കങ്കണയെ രൂക്ഷമായി വിമര്‍ശിച്ചു. ആളുകള്‍ക്ക് തന്നെ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വരാമെന്നും ആധാര്‍ കാര്‍ഡ് കൊണ്ടുവരേണ്ടതില്ലെന്നും വിക്രമാദിത്യ സിംഗ് തുറന്നടിച്ചു. ഒരു ജനപ്രതിനിധി തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഹിമാചല്‍ പ്രദേശ് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. അതിനാല്‍ മണ്ഡി പ്രദേശത്തുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്നാണ് കങ്കണ പറയുന്നത്. ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് മണാലിയിലെ തന്റെ വീട് സന്ദര്‍ശിക്കാമെന്നും മണ്ഡിയിലുള്ള ആളുകള്‍ക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദര്‍ശിക്കാമെന്നും കങ്കണ നിര്‍ദേശിച്ചിരുന്നു.