അപകടകാരി, മനസ് നിറയെ വിഷം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ അനുകൂലിച്ച രാഹുലിനെതിരെ കങ്കണ

ന്യൂഡല്‍ഹി: അദാനിയുടെ ഓഹരി സംബന്ധിച്ച് രാജ്യത്ത് വീണ്ടും കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. രാഹുലിനെ ഏറ്റവും അപകടകാരിയെന്നും വിഷമുള്ളയാളെന്നും വിനാശകാരിയെന്നും അവര്‍ വിശേഷിപ്പിച്ചു.

പ്രധാനമന്ത്രിയാകാന്‍ കഴിയാത്തതിനാല്‍ ഈ രാജ്യത്തെ നശിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ടയെന്നും കങ്കണ റണാവത്ത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സമ്പദ് ഘടനയെയും അസ്ഥിരപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും കങ്കണ ആരോപിച്ചു. രാഹുല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ എല്ലാ വഴിയും നോക്കുന്നുണ്ടെന്ന് കങ്കണ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പിന്തുണച്ചത് അതുകൊണ്ടാണ്. വിദ്വേഷവും, വിഷവും, സര്‍വവും തകര്‍ക്കുന്നതുമായ രീതിയാണ് രാഹുലിന് ഉള്ളതെന്നും കങ്കണ പറഞ്ഞു.

രാഹുല്‍ ഗാന്ധി, ജീവിതകാലം മുഴുവന്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാകൂ, ഈ രാജ്യത്തെ ജനങ്ങളുടെ അഭിമാനവും വികസനവും ദേശീയതയും നിങ്ങള്‍ അനുഭവിക്കുന്നതുപോലെ അനുഭവിക്കാന്‍ തയ്യാറാകൂ. അവര്‍ ഒരിക്കലും നിങ്ങളെ അവരുടെ നേതാവാക്കില്ല. നിങ്ങള്‍ ഒരു അപമാനമാണ് എന്നടക്കമുള്ള രൂക്ഷമായ വിമര്‍ശനമാണ് കങ്കണ നടത്തിയത്.

കഴിഞ്ഞ ദിവസം, സെബി മേധാവിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. സെബി ചെയര്‍പേഴ്സണെതിരായ ആരോപണങ്ങള്‍ സ്ഥാപനത്തിന്റെ കെട്ടുറപ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നും വിഷയത്തില്‍ സുപ്രീം കോടതി വീണ്ടും സ്വമേധയാ അന്വേഷണം നടത്തുമോയെന്നും രാഹുല്‍ ഞായറാഴ്ച ചോദിച്ചിരുന്നു. മാത്രമല്ല, എന്തുകൊണ്ടാണ് സെബി ചെയര്‍പേഴ്സണ്‍ ഇതുവരെ രാജിവെക്കാത്തത്? എന്നും രാഹുല്‍ ചോദിച്ചിരുന്നു. നിക്ഷേപകര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെട്ടാല്‍, ആരാണ് ഇതിന് ഉത്തരവാദി – പ്രധാനമന്ത്രി മോദിയോ സെബി ചെയര്‍പേഴ്സനോ ഗൗതം അദാനിയോ? എന്നും രാഹുല്‍ വിമര്‍ശനാത്മകമായി ചോദിച്ചിരുന്നു. ഇതെല്ലാം ബിജെപിയെ ചൊടിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide