മുംബൈ: അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ബൃഹാൻ മുംബൈ കോർപറേഷൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബാന്ദ്രയിലെ വീട് ബോളിവുഡ് നടി കങ്കണ റണാവത്ത് വിൽക്കാൻ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്. 40 കോടി രൂപ വിലയിട്ടിരിക്കുന്ന വീടാണ് കങ്കണ വിൽക്കുന്നത്. ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്റെ ഓഫിസും പ്രവർത്തിക്കുന്നത്. കടബാധ്യതയുള്ളതിനാലാണ് വീട് വിൽക്കാൻ കങ്കണ തീരുമാനിച്ചതെന്ന തരത്തിൽ മാധ്യമ വാർത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലും മാണ്ഡ്യയിലും വീടുകൾ ഉള്ളതിനാൽ ബാന്ദ്രയിലെ വീട് ആവശ്യമില്ലെന്ന് അടുത്ത സുഹൃത്തുകളോട് പറഞ്ഞതായും വാർത്തകളുണ്ട്. 2013 ലാണ് കങ്കണ റാവത്ത് ബാന്ദ്രയിൽ ഫ്ലാറ്റ് വാങ്ങിയത്. അറ്റകുറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്നും അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നും ചൂണ്ടിക്കാട്ടി ബൃഹാൻ മുംബൈ കോർപറേഷൻ 2018 ൽ നോട്ടീസ് നൽകി. എന്നാൽ, കോർപറേഷന്റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.