ദില്ലി: ബീഫ് വിവാദത്തിൽ പുകഞ്ഞ് ഹിമാചൽ പ്രദേശ്. ബീഫിനെക്കുറിച്ചുള്ള പഴയ പരാമർശങ്ങളിൽ നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്താണ് വെട്ടിലായത്. ബീഫ് കഴിക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയ കങ്കണയെ വിജയിപ്പിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. എന്നാൽ താൻ ബീഫ് കഴിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കങ്കണയുടെ വിശദീകരണം.
മണ്ഡി പിടിക്കാൻ നടിയും മോദിയുടെ കടുത്ത ആരാധകയുമായ കങ്കണ റണാവത്തിനെയാണ് ബിജെപി കളത്തിലിറക്കിയത്. ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നൽകുന്നത് പവിത്ര ഭൂമിയായ ഹിമാചൽ പ്രദേശിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു. ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപി കങ്കണയ്ക്ക് സീറ്റ് നൽകിയതെന്തിനെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും ചോദിച്ചു. വിമർശനങ്ങൾക്ക് മറുപടിയുമായി കങ്കണയും രംഗത്തെത്തി.
ബീഫോ മറ്റ് മാംസങ്ങളോ കഴിക്കാത്ത തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ആയുർവേദവും യോഗയും ജീവചര്യയാക്കിയ താൻ ഹിന്ദുത്വത്തിൽ അഭിമാനിക്കുന്നു. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. അതേസമയം, ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന് പറയുന്ന കങ്കണയും പഴയ ട്വീറ്റുകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ എതിരാളികൾ കുത്തിപൊക്കുകയാണ്. 2021ൽ കങ്കണ ട്വിറ്ററിൽ പങ്കുവച്ച രാജസ്ഥാനി മട്ടൺ വിഭവമായ ലാൽമാസിന്റെ ചിത്രമടക്കം വീണ്ടും പ്രചരിക്കുകയാണ്.
Kangana Ranaut trouble in beef controversy