മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ ‘എമര്‍ജന്‍സി’ റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയുടെ പല ഭാഗങ്ങളിലും റിവിഷന്‍ കമ്മറ്റി നിര്‍ദേശിച്ച ചില എഡിറ്റിംഗുകള്‍ നടത്തി റിലീസ് ചെയ്യാമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.
1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘എമര്‍ജന്‍സി’. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്.
‘സിനിമയില്‍ ചില സെന്‍സിറ്റീവ് ഉള്ളടക്കമുണ്ടെന്നും എന്നാലിത് മതവികാരം വ്രണപ്പെടുത്തില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സിനിമ തിയേറ്ററുകളില്‍ എത്തണമെന്നും ആവശ്യപ്പെട്ട് സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ചിത്രം എഡിറ്റ് ചെയ്ത് റിലീസ് ചെയ്യാമെന്ന് വ്യക്തമാക്കിയത്.