രക്തസമ്മർദ്ദം കൂടി, പിപി ദിവ്യ ആശുപത്രിയിൽ, ചികിത്സക്ക്‌ ശേഷം ഡിസ്ചാർജ്! മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കണ്ണൂര്‍: കണ്ണൂർ എ ഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണമാണ് ദിവ്യയെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നും ചികിത്സയ്ക്ക് ശേഷം ദിവ്യ ആശുപത്രി വിട്ടെന്നുമാണ് വിവരം.

അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് ദിവ്യ ആശുപത്രിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് വൈകാതെ കൈമാറും. ഇതിന് മുന്നോടിയായി എഡിഎം ഉൾപ്പെടെ ഡെപ്യൂട്ടി കളക്ടർമാരുടെ ചുമതലകളും ഫയൽ നീക്കങ്ങളും സംബന്ധിച്ച പൊതുനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. ഓൺലൈനായി ആണ് റിപ്പോർട്ട് കൈമാറുക.

More Stories from this section

family-dental
witywide