നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെ മാറ്റി

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ റവന്യൂ വകുപ്പിൻ്റെ അന്വേഷണ ചുമതലയിൽ നിന്ന് ജില്ലാ കലക്ടർ അരുൺ കെ, വിജയനെ മാറ്റി. പകരം ചുമതല ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക്. റവന്യു മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് നടപടി.

നേരത്തേ, അരുൺ കെ.വിജയനെതിരെ കെ.നവീൻ ബാബുവിന്റെ ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. കലക്ടർ – എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവർ കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നൽകി. നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. കൂടാതെ, നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കളക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു.

ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുമെന്നും കലക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാണ്. കലക്ടർ ഓഫിസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.

അതേസമയം പി.പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ മൊഴി നൽകിയിരുന്നു. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയിലേക്ക് കടന്നുവന്നതെന്നും അവരെ ക്ഷണിച്ചതായി അറിയില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കലക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം.

Kannur Collector Arun K Vijayan Removed from Investigation team on the death of ADM Naveenbabu

More Stories from this section

family-dental
witywide