നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ക്ഷണിച്ചിട്ടില്ല: കലക്ടർ അരുൺ കെ. വിജയൻ, കലക്ടറെ മാറ്റാൻ ശക്തമായ ആവശ്യം ഉയരുന്നു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കളക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തിയത് കലക്ടറല്ല, സ്റ്റാഫ് കൗണ്‍സിലാണെന്നായിരുന്നു അരുണ്‍ കെ. വിജയന്റെ മറുപടി. താനല്ല പരിപാടിയുടെ സംഘാടകനെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് പോയതെന്ന ദിവ്യയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഇപ്പോള്‍ കളക്ടര്‍ നേരിട്ട് നല്‍കിയിരിക്കുന്ന പ്രതികരണം.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്നും അരുണ്‍ കെ. വിജയന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റിയിരുന്നു. റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണ ചുമതലയുള്ള ജോയിൻ്റ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീത കണ്ണൂര്‍കലക്ടറേറ്റിൽ എത്തി കലക്ടർ അരുണിന്റെ മൊഴിയെടുത്തിട്ടുണ്ട്.

ഇതിനിടെ കളക്ടറെ മാറ്റണമെന്നുള്ള സമ്മർദം റവന്യൂ വകുപ്പിനു മേൽ ശക്തമായിരിക്കുകയാണ് എന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. നവീൻ ബാബുവിൻ്റെ കുടുംബവും കലക്ടറെ കുറ്റപ്പെടുത്തുകയും കലക്ടർക്ക് എതിരെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

Kannur Collector Arun k Vijayan Says He did not invite PP Divya to the send off function of ADM

More Stories from this section

family-dental
witywide