നവീനിന്റെ കുടുംബത്തിനൊപ്പമാണ് പറയുമ്പോഴും സി.പി.എമ്മില്‍ ചേരിതിരിവ്, വെട്ടിലായി പത്തനംതിട്ട ഘടകം

പത്തനംതിട്ട: എ.ഡി.എം. കൈക്കൂലിവാങ്ങിയെന്ന് ഒരുകൂട്ടരും കൈക്കൂലിവാങ്ങുന്ന ആളല്ലെന്ന് മറ്റൊരുകൂട്ടരും പറയുന്ന സാഹചര്യത്തില്‍ നിജസ്ഥിതിയറിയാന്‍ സമഗ്രാന്വേഷണം ആവശ്യമാണെന്ന ജയരാജന്റെ പരാമര്‍ശം വെട്ടിലാക്കിയത് പത്തനംതിട്ട ജില്ലാനേതൃത്വത്തെ. നവീന്‍ ബാബു തെറ്റുകാരനാണെന്ന് ഒരുഘട്ടത്തില്‍പ്പോലും പത്തനംതിട്ട ഘടകം പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.

നവീനിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എമ്മെന്ന് തുടക്കത്തില്‍ത്തന്നെ പത്തനംതിട്ട ജില്ലാഘടകം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ഘടകം പി.പി. ദിവ്യയെ അഴിമതിവിരുദ്ധ പോരാളിയാക്കി പ്രസ്താവനയിറക്കിയതോടെയാണ് പാര്‍ട്ടി രണ്ടുതട്ടില്‍ എന്ന ആരോപണമുയര്‍ന്നത്. ഡി.വൈ.എഫ്.ഐ.യുടെ ഭാഗത്തുനിന്ന് ദിവ്യയെ അനുകൂലിച്ചുള്ള പ്രസ്താവന വന്നതോടെ ഇത് കൂടുതല്‍ ശക്തമായി.

നവീനിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എമ്മെന്ന് തുടക്കത്തില്‍ത്തന്നെ പത്തനംതിട്ട ജില്ലാഘടകം പ്രഖ്യാപിച്ചതോടെ അതില്‍നിന്ന് വേറിട്ടൊരു അഭിപ്രായംപറയാന്‍ സംസ്ഥാനനേതൃത്വത്തിനും പറ്റാതായി. എന്നാല്‍ കണ്ണൂര്‍ ഘടകം പി.പി. ദിവ്യയെ അഴിമതിവിരുദ്ധ പോരാളിയാക്കി പ്രസ്താവനയിറക്കിയതോടെയാണ് രണ്ടുതട്ടില്‍ എന്ന ആരോപണമുയര്‍ന്നത്. ഡി.വൈ.എഫ്.ഐ.യുടെ ഭാഗത്തുനിന്ന് ദിവ്യയെ അനുകൂലിച്ചുള്ള പ്രസ്താവന വന്നതോടെ ആരോപണം ബലപ്പെട്ടു. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയത്. അന്ന് പാര്‍ട്ടിയില്‍ രണ്ടുതട്ടില്ലെന്നും താന്‍ പറയുന്നതാണ് അവസാനവാക്കെന്നുമായിരുന്നു പ്രതികരിച്ചത്. പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂവെന്നും അത് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരയ്‌ക്കൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്നുകാട്ടി പത്തനംതിട്ട ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നവീന്‍ ബാബുവിനെ സംശയനിഴലില്‍ നിര്‍ത്തി എം.വി. ജയരാജന്റെ പ്രസ്താവന വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയുകയാണ്.