കളിക്കളത്തിൽ വീണ്ടും കണ്ണീർ, വിജയാഘോഷത്തിനിടെ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു: 2014 ൽ കായിക ലോകത്തെ കണ്ണീരണിയിച്ച വാർത്തയായിരുന്നു ഓസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിന്‍റെ മരണം. കളിക്കളത്തിൽ പന്ത് തലയ്ക്ക് കൊണ്ട ഹ്യൂസ് ജീവിതത്തിൽ നിന്ന് തന്നെ വിടവാങ്ങിയപ്പോൾ അത്രമേൽ നൊമ്പരമായിരുന്നു ഏവർക്കും. ഇപ്പോഴിതാ വീണ്ടും കളിക്കളത്തിൽ നിന്നും വീണ്ടുമൊരു കണ്ണീർ വാർത്ത എത്തിയിരിക്കുകയാണ്. അന്ന് ഓസ്ട്രേലിയയിലായിരുന്നു ദുരന്തമെങ്കിൽ ഇക്കുറി ഇന്ത്യൻ മണ്ണിലാണ് ഏവരെയും നൊമ്പരപ്പെടുത്തുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ, കർണാടക ക്രിക്കറ്റ് താരം കെ ഹൊയ്സാല (34) യാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ ആർ എസ് ഐ മൈതാനത്തായിരുന്നു സംഭവം. തമിഴ്നാടിനെതിരായ മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ ടീമംഗങ്ങളോടൊപ്പം വിജയാഘോഷത്തിനെത്തിയ ഹൊയ്സാലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

കർണാടക ടീമിൽ അണ്ടർ 25 വിഭാ​ഗത്തെ പ്രതിനിധീകരിച്ച് ഹൊയ്സാല കളിച്ചിട്ടുണ്ട്. കർണാടക പ്രീമിയർ ലീ​ഗിലും കളിച്ചിട്ടുണ്ട് .തമിഴ്നാടിനെതിരായ മത്സരത്തിലും ഹൊയ്സാല മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത കർണാടകയ്ക്കായി 13 റൺസ് നേടിയ ഹൊയ്സാല, തമിഴ്നാടിന്റെ ഓപ്പണർ പി പർവീൺ കുമാറിന്റെ വിക്കറ്റും വീഴ്ത്തി. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനാണ് കർണാടക ജയിച്ചത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാടിന്റെ ഇന്നിങ്സ് 171ൽ അവസാനിച്ചു. ത്രസിപ്പിക്കുന്ന വിജയം ആഘോഷിക്കുന്നതിനിടെയാണ് ഹൊയ്സാലക്ക് ഹൃദയവേദന അനുഭവപ്പെട്ടത്.

Karnataka cricketer Hoysala dies at 34 due to cardiac arrest