
കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗം നടന്നെന്ന കാര്യത്തിൽ ഉറച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ യാഗം നടന്നെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ക്ഷേത്രത്തിന്റെ പേരോ സ്ഥലമോ വെളിപ്പെടുത്താനില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
“തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ മുന്‍പ് പോയിട്ടുണ്ട്. രാജരാജേശ്വരി ദേവിയുടെ ഭക്തനാണ് ഞാന്‍. യാഗം നടന്നത് ക്ഷേത്രത്തിലല്ല അങ്ങനെ പറഞ്ഞിട്ടുമില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് . ആരുടേയും വിശ്വാസ പ്രമാണങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്താനില്ല’ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
കര്‍ണാടക സര്‍ക്കാരിനെതിരെ കേരളം കേന്ദ്രീകരിച്ച് ആഭിചാരക്രിയകള്‍ നടക്കുന്നുവെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമായിരുന്നു ഡി കെ ശിവകുമാര്‍ ഉന്നയിച്ചത്. രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം അഘോരികളുടെ സാന്നിധ്യത്തില്‍ യാഗവും ശേഷം മൃഗബലിയും നടന്നെന്നായിരുന്നു ഡികെയുടെ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തല്‍ കേരളത്തിലെ സര്‍ക്കാരും ദേവസ്വം വകുപ്പും ഇത്ര ഗൗരവമായി സമീപിക്കുമെന്നു അദ്ദേഹം വിചാരിച്ചിരുന്നില്ല. സംഭവം കേരളത്തില്‍ ചര്‍ച്ചയായതോടെയാണ് പുതിയ വിശദീകരണം. കർണാടകയിൽ നിന്നുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട നേതാക്കൾ രാജ രാജേശ്വരി ക്ഷേത്രത്തില്‍ സ്ഥിരമായി സന്ദർശിക്കാറുള്ളവരാണ്.
Karnataka Deputy Chief Minister Dk Shivakumar Again Confirms About YAGA in Kerala