ജസ്റ്റിസ് പി ബി വരാലെ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് പ്രസന്ന ബി വരാലെ വ്യാഴാഴ്ച (ജനുവരി 25) സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. മുമ്പ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വരാലെയ്ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതി കൊളീജിയം ഒരാഴ്ച മുമ്പ് ശുപാര്‍ശ ചെയ്ത ജസ്റ്റിസ് വരാലെയുടെ നിയമനത്തിന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജസ്റ്റിസ് എസ്.കെ. കൗള്‍ കഴിഞ്ഞമാസം വിരമിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതിയിലുണ്ടായ ഒഴിവിലേക്കാണ് ശുപാര്‍ശ.

ഈ നിയമനത്തോടെ സുപ്രീം കോടതിയില്‍ ഇപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം മൂന്നായി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സി ടി രവികുമാര്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. സുപ്രീം കോടതിയില്‍ പട്ടികജാതി വിഭാഗത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. രാജ്യത്തെ ഹൈക്കോടതികളില്‍ നിലവില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഏക ചീഫ് ജസ്റ്റിസാണ് വരാലേ. 2022 ഒക്ടോബറിലാണ് പ്രസന്ന ബി. വരാലെ കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീം കോടതി കൊളീജിയമാണ് ജനുവരി 19ന് ജസ്റ്റിസ് പ്രസന്ന ബി വരാലെയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. ഹൈക്കോടതി ജഡ്ജിമാരില്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന ജഡ്ജിയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏക ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് വരാലെ എന്ന വസ്തുത എസ്സി കൊളീജിയം പ്രസ്താവനയില്‍ പരിഗണിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide